തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ജൂൺ 30 ന് ചേരും. സംസ്ഥാന സർക്കാരിന്റെ നിലപാട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെ അടിയന്തരമായി അറിയിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടും. ഇക്കാര്യത്തിൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം പ്രാദേശിക തലങ്ങളിൽ പഠനം നടത്തി സമർപ്പിച്ച നിർദേശങ്ങൾ, കേന്ദ്ര സർക്കാർ പുതുതായി നിയോഗിച്ച വിദഗ്ധ സമിതിയുമായി ചർച്ച ചെയ്യും. വിദഗ്ധ സമിതി അംഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കാനും യോഗത്തിൽ തീരുമാനമായി.
പരിസ്ഥിതി സെക്രട്ടറി എം.ജി. രാജമാണിക്യം ഉൾപ്പെടെ പരിസ്ഥിതി - കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
Environmental sensitivity: Meeting of ministers and top officials on June 30th.






















